
വിപണിയിലേക്ക് ഒരുങ്ങി ഹരിതകുപ്പി വെള്ളം
പ്ലാസ്റ്റിക് ബോട്ടിലിന് ബദലായി, ജൈവിക രീതിയിൽ നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുന്ന ഹരിതകുപ്പികൾ (കംപോസ്റ്റബിൾ ബോട്ടിൽ) വിപണിയിൽ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി- കിഡ്ക്) നിർമ്മാണ ചുമതല. സർക്കാർ പുറത്തിറക്കുന്ന 'ഹില്ലി അക്വാ' ബ്രാൻഡിന് കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക.
കുപ്പിവെള്ളത്തിന്റെ ഉദ്ഘാടനം ഈ മാസം പകുതിയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ജൈവകുപ്പികളിൽ വെള്ളം വിപണനം ചെയ്യുന്നു എന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.