Greenbio Journal

Hilli Aqua now available in eco-friendly bio-degradable bottles, launched by Minister Roshi Augustine

Hilli Aqua now available in eco-friendly bio-degradable bottles, launched by Minister Roshi Augustine

കുടിവെള്ള വിതരണത്തിനായി ബയോ-ഡീഗ്രേഡബിൾ ബോട്ടിൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച് കേരളം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കുടിവെള്ള കമ്പനിയായ ഹിലി അക്വ അവതരിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലിന്റെ വിതരണോദ്ഘാടനം തിരുവനന്തപുരം സർക്കാർ ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ബോട്ടിലിന്റെയും അടപ്പിന്റെയുമടക്കം നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്ന ചോളം, കരിമ്പ് തുടങ്ങിയവയിൽ നിന്നുള്ള അന്നജ അടിസ്ഥാനത്തിലുള്ള വസ്തുക്കൾ മണ്ണിൽ ലയിച്ച് ചേർന്നുപോകുന്നവയാണ്. ഉൽപ്പാദനത്തിനുള്ള സാങ്കേതിക തടസങ്ങൾ ഇല്ലാതാക്കിയതായും ആവശ്യമായ എല്ലാ അംഗീകാരങ്ങളും ലഭിച്ചതായും മന്ത്രി അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ 5 ലിറ്റർ കാനുകൾക്ക് മാത്രം അനുമതി ഉള്ള സാഹചര്യത്തിൽ, കേരളം പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മുന്നേറുകയാണ്. കൂടുതൽ ഉൽപ്പാദനം സാധ്യമാക്കി കയറ്റുമതിയും ആരംഭിച്ചു. ദക്ഷിണേന്ത്യയിൽ ആദ്യമായി കുപ്പിവെള്ളം കയറ്റി അയക്കുന്ന സംസ്ഥാനമായി കേരളം മാറി. യു എ ഇ, ഒമാൻ, സൗദി അറേബ്യ എന്നിവടങ്ങിളിലേക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.

പൊതുജന താൽപര്യാർഥം ആർ.സി.സി യിൽ 24 മണിക്കൂറും ലഭിക്കുന്ന വൈൻഡിംഗ് മെഷീൻ സ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി. ബസുകളിലെ കുടിവെള്ള വിതരണത്തിനുള്ള കരാറുകൾ നടപ്പിലാക്കുന്നതിലൂടെയും വിതരണ ശ്യംഖല വിപുലമാക്കിയും ഹില്ലി അക്വയുടെ ഗുണമേന്മയുള്ള കുടിവെള്ളം സംസ്ഥാനത്ത് വ്യാപകമാക്കുമെന്ന് മന്ത്രി അറിയിച്ചു.

തൊടുപ്പുഴ, അരുവിക്കര എന്നിവയ്ക്ക് പുറമേ ആലുവ, കട്ടപ്പന, ചക്കിട്ടപ്പാറ എന്നിവിടങ്ങളിലും പുതിയ പ്ലാന്റുകൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഹില്ലി അക്വ സിഇഒ തിലകൻ എസ് അധ്യക്ഷത വഹിച്ചു. സീനിയർ ജനറൽ മാനേജർ സജി വി., ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള എന്നിവർ സംസാരിച്ചു. പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള കുടിവെള്ളം നൽകുക എന്നതാണ് ഹിലി അക്വയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

ബയോ ബോട്ടിലുകൾ ചോളം, കരിമ്പ് മുതലായ പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നുള്ള അന്നജത്തിൽ നിന്ന് നിർമ്മിക്കുന്ന പോളി ലാക്ടിക് ആസിഡ് പ്രീഫോമുകളാണ്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഇവ പരമ്പരാഗത പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ളതാണ്. വ്യാവസായിക സൗകര്യങ്ങളിൽ കൃത്യമായ താപനിലയും ഈർപ്പവും ലഭ്യമായാൽ ഇവ കമ്പോസ്റ്റിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നു. കൂടാതെ ക്യാപ്പ്, ലേബൽ, പാക്കേജിങ് മെറ്റീരിയൽസ് എന്നിവയും ബയോ ഡിഗ്രേഡബിൾ വസ്തുക്കളായിരിക്കും.

കൊച്ചി ആസ്ഥാനമായുള്ള Eight Specialist Services Private Limited എന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ബയോ ബോട്ടിലുകളുടെ അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്. ഹരിത ചട്ടം പ്രഖ്യാപിച്ച പ്രദേശങ്ങളായ ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉൽപ്പന്നം ഏറെ ഗുണകരമായിരിക്കും. സംസ്ഥാന സർക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കുപ്പിവെള്ള നിർമ്മാണ യൂണിറ്റാണ് ഹില്ലി അക്വ.

Previous
This Kerala Startup Is Creating Biodegradable Bottles That Disappear in Just 3 Months!
Next
Drinking water now in biodegradable bottles