Greenbio Journal

Kerala introduces green bottles as an alternative to water in plastic bottles.

Kerala introduces green bottles as an alternative to water in plastic bottles.

പ്ലാസ്റ്റിക് നിരോധനത്തിൽ രാജ്യത്തിന് മാതൃകയായി കേരളം; ഹരിതകുപ്പിവെള്ളത്തിന്റെ വിപണനത്തിന് സംസ്ഥാനം സജ്ജം

പ്ലാസ്റ്റിക് ബോട്ടിലിന് ബദലായി, ജൈവിക രീതിയിൽ നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുന്ന ഹരിതകുപ്പികൾ (കംപോസ്റ്റബിൾ ബോട്ടിൽ) വിപണിയിൽ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി- കിഡ്ക്) നിർമ്മാണ ചുമതല. സർക്കാർ പുറത്തിറക്കുന്ന 'ഹില്ലി അക്വാ' ബ്രാൻഡിന് കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക.

കുപ്പിവെള്ളത്തിന്റെ ഉദ്ഘാടനം ഈ മാസം പകുതിയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി വിഭാവനം ചെയ്തത്. 2019-ൽ മുംബൈയിൽ നടന്ന എക്സിബിഷനിൽ ഗ്രീൻ ബയോ പ്രോഡക്ട്സ് വികസിപ്പിച്ച കമ്പോസ്റ്റബിൾ ബോട്ടിലിനെക്കുറിച്ചുള്ള വാർത്ത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും നിർമ്മാതാക്കളെ കേരളത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ജൈവകുപ്പികളിൽ വെള്ളം വിപണനം ചെയ്യുന്നു എന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.

നൂറു ശതമാനവും ജൈവ ഉന്മൂലനം സാധ്യമാകുന്ന ഇത്തരം കുപ്പികൾ കാഴ്ചയിൽ പ്ലാസ്റ്റിക് കുപ്പികളെപ്പോലെ ഉണ്ടാകും. ഹരിതകുപ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തിനു പുറമെ ഐഎസ്ഒ (ISO17088), ടിയുവി (TUV) തുടങ്ങിയ ദേശീയ, അന്തർദേശീയ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്റ്റ് സ്പെഷ്യലിസ്റ്റ് സർവീസസ് എന്ന സ്റ്റാർട്ടപ്പിന്റെ ഉപവിഭാഗമായ ഗ്രീൻ ബയോ പ്രോഡക്ട്സാണ് കമ്പോസ്റ്റബിൾ ബോട്ടിലുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുന്നത്. ഇതിനായി കിഡ്കും എയ്റ്റ് സ്പെഷ്യലിസ്റ്റ് സർവീസസും തമ്മിൽ ധാരണയിലെത്തി. കമ്പോസ്റ്റബിൾ ബോട്ടിലുകൾക്ക് പ്ലാസ്റ്റിക് കുപ്പിയേക്കാൾ നിർമ്മാണ ചെലവ് അധികമായിരിക്കും. പൊതു ഇടങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിനോദസഞ്ചാര മേഖലകൾ എന്നിവ ഉൾപ്പെടെ സമൂഹത്തിലെ സമസ്ത മേഖലയിലേക്കും ഹരിതകുപ്പിവെള്ളം വിതരണം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.



Previous
Green bottled water ready for marketing — Thiruvananthapuram.
Next
Green bottled water ready for the market; Kerala sets a model in plastic prohibition as well.