

ഹരിത കുപ്പിവെള്ളം വിപണനത്തിനൊരുങ്ങി
തിരുവനന്തപുരം: പ്ലാസ്റ്റിക് ബോട്ടിലിന് ബദലായി, ജൈവിക രീതിയിൽ നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുന്ന ഹരിതകുപ്പികൾ (കംപോസ്റ്റബിൾ ബോട്ടിൽ) വിപണിയിൽ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കെഐഐഡിസി കിഡ്ക്) നിർമ്മാണ ചുമതല.
സർക്കാർ പുറത്തിറക്കുന്ന 'ഹില്ലി അക്വാ' ബ്രാൻഡിന് കീഴിലാണ് ഹരിത കുപ്പിവെള്ളവും വിപണിയിലെത്തുക. കുപ്പിവെള്ളത്തിന്റെ ഉദ്ഘാടനം ഈ മാസം പകുതിയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ജലസേചന മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി വിഭാവനം ചെയ്തത്. 2019ൽ മുംബൈയിൽ നടന്ന എക്സിബിഷനിൽ ഗ്രീൻ ബയോ പ്രോഡക്ട്സ് വികസിപ്പിച്ച കമ്പോസ്റ്റബിൾ ബോട്ടിലിനെക്കുറിച്ചുള്ള വാർത്ത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും നിർമ്മാതാക്കളെ കേരളത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ജൈവകുപ്പികളിൽ വെള്ളം വിപണനം ചെയ്യുന്നു എന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.